03:29am 11 November 2026
NEWS
സിപിഎമ്മിൽ ഒരു ബോബും വീഴാനില്ലെന്ന് എം വി ​ഗോവിന്ദൻ
26/08/2025  02:32 PM IST
nila
സിപിഎമ്മിൽ ഒരു ബോബും വീഴാനില്ലെന്ന് എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎമ്മിൽ ഒരു ബോബും വീഴാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ബോംബുകൾ വീണുകൊണ്ടിരിക്കുന്നതും വീഴാൻ പോകുന്നതും കോൺ​ഗ്രസിലാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. കേരളം ഞെട്ടിപ്പോകുന്ന വാർത്ത അധികം താമസിക്കാതെ പുറത്തുവരുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പിനോട് പ്രതികരിക്കുകയായിരുന്നു എം വി ​ഗോവിന്ദൻ. കഥകൾ വരുന്നതിൽ ഭയമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പറയുന്നതല്ലാതെ പുറത്തൊന്നും വരുന്നില്ലാല്ലോ എന്നും എം വി ​ഗോവിന്ദൻ ചോദിച്ചു. 

സിപിഎമ്മിൽ ഒരു ബോംബും വീഴാനില്ല. ബോംബെല്ലാം വീണുകൊണ്ടിരിക്കുന്നതും വീഴാൻ പോകുന്നതും കോൺഗ്രസിലാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും താത്കാലികമായി പറഞ്ഞ് ഒഴിഞ്ഞിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ രാജിവെപ്പിക്കും എന്നായിരുന്നു 24 മണിക്കൂർ മുമ്പ് ശക്തമായി ഇവരെല്ലാവരും പറഞ്ഞിരുന്നത്. എന്നാൽ രാജിവെപ്പിക്കാൻ കൂട്ടാക്കാത്തതിന് കാരണം രാഹുൽ മാങ്കൂട്ടത്തിൽ അതിശക്തമായി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഞാൻ രാജിവെക്കുകയാണെങ്കിൽ മറ്റു പല ആളുകളുടേയും മുഴുവൻ കഥകളും പുറത്തു പറയേണ്ടി വരുമെന്ന ഭീഷണിയിലാണ് രാജി വേണ്ട എന്ന് തീരുമാനിച്ചത്- എം.വി. ഗോവിന്ദൻ പറഞ്ഞു. കേസ് വന്നിട്ടാണ് രാജിവെക്കേണ്ടതെങ്കിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യേണ്ട ആവശ്യമില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

കേസിനേക്കാളും പ്രധാനപ്പെട്ട തെളിവുകളാണ് പുറത്തുവന്നത്. മാതൃകാപരമായ നിലപാട് എന്നാണ് പറയുന്നത്. എന്ത് മാതൃകാപരമായ നിലപാടാണ് ഇത്? പീഡനം പൂർണമായും പുറത്തുവന്നു. സ്ത്രീകൾ തന്നെ അത് വ്യക്തമാക്കി രംഗത്തെത്തി. പേരും പറഞ്ഞു. ഇനി ഒന്നും പറയാൻ ബാക്കിയില്ല. എല്ലാം തെളിവാണ്. ആരോപണമല്ല. ആ തെളിവ് അടിസ്ഥാനപ്പെടുത്തി കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പറഞ്ഞിട്ടുള്ളത് രാജിവെക്കണമെന്നാണ്. രാജിവെക്കാതെ കേരളത്തിൽ രാഷ്ട്രീയപ്രവർത്തനവുമായി മുമ്പോട്ട് പോകാൻ രാഹുൽ മാങ്കൂട്ടത്തിലിന് സാധിക്കില്ലെന്ന് അദ്ദേഹത്തിനറിയാം, അത് പ്രോത്സാഹിപ്പിക്കുന്ന ഷാഫി ഉൾപ്പെടെയുള്ളവർക്ക് നല്ല പോലെ അനുഭവത്തിന്റെ വെളിച്ചത്തിൽ മനസ്സിലാകും. കൂടുതൽ പറയാൻ പുറപ്പെട്ടാൽ അപകടമാണ്- എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സിപിഎമ്മിനെതിരേ കഥകൾ വരാനുണ്ട് എന്ന പ്രതിപക്ഷ നേതാവിന്റെ താക്കീതിലും അദ്ദേഹം മറുപടി പറഞ്ഞു. 'കഥകൾ വരട്ടെ, വരുന്നതിൽ ഞങ്ങൾക്ക് എന്താണ് ഭയമുള്ളത്. പറയുന്നതല്ലാതെ വരുന്നില്ലാല്ലോ. പറഞ്ഞുകൊണ്ടിരിക്കുന്നതല്ലേ ഉള്ളൂ. അതിനെയൊക്കെ അഭിമുഖീകരിക്കാൻ യാതൊരു പ്രയാസവുമില്ല. ഞങ്ങൾ കൃത്യമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് മുമ്പോട്ട് പോകുന്നത്' അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img